2010, മാർച്ച് 8, തിങ്കളാഴ്‌ച

ക്രിസ്തുമതം

0 അഭിപ്രായ(ങ്ങള്‍)
ക്രിസ്തുമതം അഥവാ ക്രിസ്തു സഭ ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ മതമാണ്‌. യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവില്‍ വന്നത്‌. ക്രിസ്തീയ മതവിശ്വാസികള്‍ യേശുവിനേ ദൈവപുത്രനായും പഴയ നിയമം പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തില്‍ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. ക്രിസ്തുമത വിശ്വാസികള്‍ പൊതുവായി ക്രിസ്ത്യാനികള്‍ എന്ന് കേരളത്തില്‍ അറിയപ്പെടുന്നു. സത്യ വേദപുസ്തകം , വേദപുസ്തകം, വിശുദ്ധ ഗ്രന്ഥം, ഹോളി ബൈബിള്‍ എന്നീ പേരുകളിലാണു് ക്രിസ്ത്യാനികളുടെ പ്രാമാണിക ഗ്രന്ഥം. അറിയപ്പെടുന്നതു്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള മതമാണ്‌ ക്രിസ്തുമതം. യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറന്‍ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്.

സഭകളും അംഗങ്ങളും

210 കോടിയോളം അനുയായികളുണ്ട്‌ ക്രിസ്തുമതത്തില്‍. 110 കോടി വിശ്വാസികളുള്ള റോമന്‍ കത്തോലിക്കാ സഭ, 51 കോടിയിലേറെ വരുന്ന പ്രൊട്ടസ്റ്റന്റ്‌ സഭകള്‍ (നവീകരണ സഭകള്‍)‍, 21.6 കോടിയോളം വരുന്ന ബൈസാന്ത്യ ഓര്‍ത്തഡോക്സ്‌ സഭകള്‍,ഏഴരക്കോടി വരുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ 15.8 കോടിയിലേറെ വരുന്ന സ്വതന്ത്ര ക്രൈസ്തവ സഭകള്‍ തുടങ്ങിയവയെല്ലാം ഒരുമിച്ചു് ക്രിസ്തുമതമായികണക്കാക്കുന്നു .

വിശ്വാസപരമായും പ്രദേശം, സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കിയും പലകാലങ്ങളിലായി പിരിഞ്ഞു് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ (അതായതു് ക്രിസ്തു സഭ) പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും എല്ലാ സഭകളും വിശ്വസിയ്ക്കുന്നു. എണ്ണം അനേകമുണ്ടെങ്കിലും ക്രിസ്തീയ സഭാവിഭാഗങ്ങളെല്ലാം താഴെപ്പറയുന്ന ആറു് സഭാകുടുംബങ്ങളായി പെട്ടിരിയ്ക്കുന്നു.
  1. 22 പാശ്ചാത്യ-പൗരസ്ത്യ റീത്ത് വ്യക്തിസഭകളടങ്ങുന്ന റോമന്‍ കത്തോലിക്കാ സഭ .
  2. ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ
  3. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ
  4. നെസ്തോറിയന്‍ സഭ
  5. ആഗ്ലിക്കന്‍, ലൂഥറന്‍, മെതഡിസ്റ്റ്‌, സി എസ് ഐ, സിഎന്‍ ഐ, നവീകരണ വിഭാഗമായ മാര്‍ത്തോമാ സുറിയാനി സഭ എന്നീ സഭാസമൂഹങ്ങള്‍ ഉള്‍പ്പെടുന്ന നവീകരണ സഭകള്
  6. അള്‍ട്രാ പ്രൊട്ടസ്റ്റന്റ്‌- മൗലികവാദി-സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങള്‍, പെന്തക്കോസ്ത് സഭകള്‍
ഇവയിലൊന്നും പെടാത്ത യഹോവ സാക്ഷികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ സ്വയം ക്രിസ്ത്യാനികളെന്നു വിശേഷിക്കുന്നുണ്ടെങ്കിലും മുകളില്‍ പറഞ്ഞ സഭാകുടുംബങ്ങളിലുള്‍പ്പെട്ട ക്രൈസ്തവ സഭകളൊന്നും ഇവരെ ക്രിസ്തീയരായി കൂട്ടുന്നില്ല. മുസ്ലീങ്ങളെപ്പോലെ യഹോവ സാക്ഷികളും യേശുവിനെ പ്രവാചകന്‍ മാത്രമായാണു് കാണുന്നതു് . അവര്‍ ത്രിത്വം എന്ന ദൈവസങ്കല്പം സ്വീകരിയ്ക്കുകയോ യേശുവിനെ ദൈവാവതാരമായി കാണുകയോ ചെയ്യുന്നില്ല. കുരിശിലല്ല (+) വെറുമൊരു ഒറ്റത്തടിയിലാണു് ( | ) യേശുവിനെ കൊന്നതെന്നും അവര്‍ വാദിയ്ക്കുന്നു. ക്രിസ്ത്യാനികള്‍‍ക്കു് സ്വീകാര്യമല്ലാത്ത കാര്യങ്ങളാണവയെല്ലാം.
 
എന്നാല്‍ ക്രിസ്തീയരുടേ മൊത്തം എണ്ണം നിര്‍ണ്ണയിക്കുന്നതില്‍ ഇക്കൂട്ടരേയും ചിലര്‍ ഉള്‍പെടുത്തിക്കാണുന്നു. മുസ്ലീങ്ങളും യേശുവിനെ പ്രവാചകനായി സ്വീകരിയ്ക്കുന്നുണ്ട്.

യേശുവിനെയല്ല കുരിശിലേറ്റിയതെന്നു് മുഹമ്മദീയരും യേശുവിനെയാണു് കുരിശിലേറ്റിയതെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു് ഇന്ത്യയിലെ കാശ്മീരില്‍ വന്നു് ജീവിച്ചുവെന്നു് അഹമ്മദീയരും വാദിയ്ക്കുന്നു.

പാശ്ചാത്യ-പൗരസ്ത്യ സഭകള്‍

ക്രിസ്ത്യാനികളെ പൊതുവെ പാശ്ചാത്യ സഭകളെന്നും പൗരസ്ത്യ സഭകളെന്നും കാണുന്ന പതിവു് റോമാ സാമ്രാജ്യപശ്ചാത്തലത്തില്‍ ആരംഭിച്ചതാണു്. പാശ്ചാത്യ സഭകള്‍ എന്നു് വിവക്ഷിയ്ക്കുന്നതു് പാശ്ചാത്യ റോമാ സാമ്രാജ്യത്തില്‍ വളര്‍ന്ന സഭകളെയും അവയില്‍ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണു്. പാശ്ചാത്യ സഭ എന്ന പരാമര്‍‍ശംകൊണ്ടു് പലപ്പോഴും റോമാ സഭ എന്നു മാത്രമേ അര്‍ത്ഥമാക്കാറുള്ളൂ. പാശ്ചാത്യ സഭകള്‍ എന്നു് പറയുമ്പോള്‍ താഴെപ്പറയുന്ന മുന്നു് സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉള്‍പ്പെടുത്തുന്നു.
  1. റോമന്‍ കത്തോലിക്കാ സഭ .
  2. പ്രൊട്ടസ്റ്റന്റ്‌ വിഭാഗം
  3. അള്‍ട്രാ പ്രൊട്ടസ്റ്റന്റ്‌-മൗലികവാദി സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങള്‍ അഥവാ പെന്തക്കോസ്ത് സഭകള്‍
കേരളത്തിലെ നവീകരണ വിഭാഗമായ മാര്‍ത്തോമാ സുറിയാനി സഭയുടെ ആരാധനാക്രമ പശ്ചാത്തലം പൗരസ്ത്യമാണെങ്കിലും പാശ്ചാത്യ ദൈവ ശാസ്ത്രമാണതു് പിന്തുടരുന്നതു്.

പൗരസ്ത്യ സഭകള്‍‍

പൗരസ്ത്യ റോമാ സാമ്രാജ്യത്തിലും റോമാ സാമ്രാജ്യത്തിനു് പുറത്തു് കിഴക്കും വളര്‍ന്ന സഭകളെയും അവയില്‍ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണു് പൗരസ്ത്യ സഭകള്‍ എന്നു് വിവക്ഷിയ്ക്കുന്നതു്. പൗരസ്ത്യ സഭകള്‍ എന്നു് പറയുമ്പോള്‍ താഴെപ്പറയുന്ന സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉള്‍പ്പെടുത്തുന്നുവെങ്കിലും അവ തമ്മില്‍ പരസ്പരം കൂട്ടായ്മയില്ലെന്നും ഓര്‍‍ക്കണം.
  1. ബൈസാന്ത്യ ഓര്‍ത്തഡോക്സ്‌ സഭ
  2. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ
  3. നെസ്തോറിയന്‍ സഭ
മേല്പറഞ്ഞ പൗരസ്ത്യ സഭകളില്‍നിന്നു് പലപ്പോഴായി പിരിഞ്ഞു് റോമന്‍ കത്തോലിക്കാ സഭയുടെ ഭാഗമായി റോമാ മാര്‍‍പാപ്പയുടെ കീഴില്‍ നില്ക്കുന്ന വിഭാഗങ്ങളും പൗരസ്ത്യ സഭകളുടെ ഭാഗമാണെന്നു് അവകാശപ്പെടുന്നു. കുറച്ചുമാത്രം ഭേദഗതിവരുത്തിയ പൗരസ്ത്യആരാധനാക്രമങ്ങളാണവ പിന്തുടരുന്നതെങ്കിലും അവ സ്വതന്ത്ര പൗരസ്ത്യ വിഭാഗങ്ങളല്ലെന്നും പാശ്ചാത്യ സഭയുടെ കീഴിലുള്ളഘടകങ്ങളാണെന്നും പാശ്ചാത്യ ദൈവ ശാസ്ത്രത്തിന്റെയും പാശ്ചാത്യ സഭാ ശാസ്ത്രത്തിന്റെയും കീഴിലാണവയെന്നും എന്നതിനാല്‍ റോമന്‍ കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്ത് സ്വയം ഭരണ സഭകളെ പൗരസ്ത്യ സഭകളെന്നു പരിഗണിയ്ക്കാന്‍ പൗരസ്ത്യ സഭകള്‍ പൊതുവെ തയ്യാറാകുന്നില്ല.

ചരിത്രം

ക്രിസ്തുവിനു ശേഷം ഒന്നാം നുറ്റാണ്ടിലാണ് ക്രിസ്തുമതം ഉദയം കൊള്ളുന്നത്. തുടക്കത്തില്‍ യഹൂദന്മാരുടെ ഒരു പ്രത്യേക വിഭാഗമായാണിത് രൂപപ്പെട്ടത്.  അന്ന് യഹൂദരുടെ മത ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ച് ഹീബ്രൂ ബൈബിള്‍ ( പഴയ നിയമം)ആണ് അവര്‍ ആശ്രയിച്ചിരിന്നത്. യഹൂദമതവും ഇസ്ലാം മതവും പോലെ ക്രിസ്തു മതവും അബ്രഹാമിക മതമായാണ് തരം തിരിച്ചിരിക്കുന്നത്. ക്രിസ്ത്യാനികള്‍ എന്ന പദം ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത് അന്ത്യോക്യായില്‍ വച്ചാണ്‍്. ഇതില്‍ തന്നെ ആദ്യമായി രേഖപ്പെടുത്തിയ പരാമര്‍ശം ഉള്ളത് പുതിയനിയമത്തിലെ നടപടി പുസ്തകത്തിലാണ്.  ക്രിസ്തുമതം ഗ്രിക്ക്-ജര്‍മന്‍ നാടുകളിലൂടെ വളരെ പെട്ടെന്ന് പ്രചാരം നേടി.

ക്രിസ്തുമതം കേരളത്തില്‍

ക്രിസ്തുമതം കേരളത്തില്‍ പ്രചരിപ്പിച്ചത് ക്രി.വ. 52-ല്‍ കേരളത്തില്‍ എത്തിയ തോമാശ്ലീഹയാണ് എന്നാണ് വിശ്വസിക്കുന്നത്‌. മൈലാപ്പൂരിലണ്‌ അദ്ദേഹം മരണമടഞ്ഞതെന്നും കരുതുന്നു. അവിടെ തോമാസ്ലീഹയുടെ എന്ന പേരില്‍ ഒരു ശവകുടീരവുമുണ്ട്. ഏഴു പള്ളികള്‍ തോമാസ്ലീഹ പണിഞ്ഞു എന്നും കരുതപ്പെടുന്നു. അദ്ദേഹത്തിനു ശേഷം നിരവധി ക്രിസ്തീയ സന്യാസിമാര്‍ ഇവിടെയെത്തി നിരവധി പേരെ മത പരിവര്‍ത്തനം നടത്തുകയും വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറുകയും ചെയ്തവരാണ് ഇവിടത്തെ ആദ്യകാല ക്രിസ്ത്യാനികള്‍. ഇവരെ നസ്രാണികൾ അഥവാ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്ന് പൊതുവെ വിളിച്ചിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ(കല്‍‍ദായ)സുറിയാനിഭാഷ്ഹയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. വാസ്കോ ഡ ഗാമ കേരളത്തില്‍ കാലുകുത്തുന്നതു വരെ (1498) ഇവര്‍ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. അന്നു മുതലാണ് കേരളത്തിലെ ക്രീസ്സ്തവര്‍ക്കിടയില്‍ ഛിദ്ര വാസനകള്‍ തലപൊക്കിയത്. പോര്‍ട്ടുഗീസുകാര്‍ ലത്തീന്‍ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേല്‍‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടര്‍ എതിര്‍ക്കുകയും മറ്റൊരു കൂട്ടം അംഗീകരിക്കുകയും ചെയ്തു. എതിര്‍ത്ത സുറിയാനി ക്രിസ്ത്യാനികള്‍ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു.

1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമന്‍ കത്തോലിക്ക പള്ളി പണിഞ്ഞത്

കത്തോലിക്കാ സഭയില്‍ നിന്ന് വേര്‍പെട്ട് യൂറോപ്പില്‍ രൂപം കൊണ്ട പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനം കേരളത്തില്‍ ഡച്ചുകാരുടേയും ഇംഗ്ലീഷുകാരുടേയും സാന്നിധ്യം മൂലം വേരുറപ്പിക്കാന്‍ കഴിഞ്ഞു. കത്തോലിക്കാ-പ്രോട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ കേരളത്തില്‍ അസംഖ്യം അവര്‍ണ്ണരെ മത പരിവര്‍ത്തനത്തിന് വിധേയമാക്കി പരിവര്‍ത്തിത ക്രൈസ്തവര്‍ എന്ന വിഭാഗം ഉടലെടുത്തു.

കേരളത്തിലെ ക്രൈസ്തവ സഭകള്‍

  1. കത്തോലിക്കാ സഭകള്‍
  2. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍‍
  3. കല്‍ദായ സഭ‍
  4. പ്രോട്ടസ്റ്റന്‍റ് സഭകള്‍

കത്തോലിക്കാ സഭകള്‍

റോമിലെ മാര്‍പാപ്പ പരമാധ്യക്ഷനായ കത്തോലിക്കാ സഭയുടെ മൂന്ന് ഘടകങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
  • സീറോ മലബാര്‍ കത്തോലിക്കാ സഭ
  • ലത്തീന്‍ കത്തോലിക്കാ സഭ
  • സീറോ മലങ്കര കത്തോലിക്കാ സഭ

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍‍

അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭ‍കള്‍, അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ, കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭ, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ, എറിത്രീയന്‍ ഓര്‍ത്തഡോക്സ് സഭ,ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ എന്നിവയടങ്ങുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ രണ്ട് വിഭാഗങ്ങള്‍ കേരളത്തിലുണ്ടു്. ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ വലിയ മെത്രാപ്പോലീത്തന്‍ ഭദ്രാസനമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്തന്‍ ഭദ്രാസനമായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും ആണു് അവ.

ഈ സഭകളാവട്ടെ ഒന്നായിരുന്നു. 1912ല്‍ ഈ സഭയില്‍ ഭിന്നിപ്പുണ്ടായി. മലങ്കര മെത്രാപ്പോലീത്തയായ വട്ടശ്ശേരില്‍ മാര്‍ ദിവാന്നാസ്യോസിനെ അനുകൂലിച്ചവര്‍ കാതോലിക്കോസ് കക്ഷി എന്ന പേരിലും അന്ത്യോഖ്യായിലെ പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിച്ചവര്‍ പാത്രിയാര്‍ക്കീസ് കക്ഷിഎന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഇവ രണ്ടും തന്നെ ഓര്‍ത്തഡോക്സ് സഭകളും നിയമാനുസരണം യാക്കോബ്യവും ആണെന്നും എന്നത് ഒരു ചരിത്ര വൈരുദ്ധ്യമാണ്. വീണ്ടും ഐക്യമുണ്ടായെങ്കിലും 1995-ലെ- സുപ്രീം കോടതിയുടെ വിധിയ്ക്കു്  ശേഷം ഒരുവിഭാഗം പിരിഞ്ഞു് 2002-ല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭമലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയെന്നും രണ്ടാമത്തേത് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്നും അറിയപ്പെടുന്നു. നിലവില്‍വന്നു. എന്നാല്‍ ഇന്ന് ആദ്യത്തേത്
  • മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ (ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ)
  • യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ (സുറിയാനി ഓര്‍ത്തഡോക്സ് സഭ)

സുറിയാനി പാരമ്പര്യത്തിലുള്ള മറ്റ് സഭകള്‍

  • മലബാര്‍ സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂര്‍ സഭ)
  • കല്‍ദായ സുറിയാനി സഭ (തൃശ്ശൂര്‍)
  • മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ (നവീകരിക്കപ്പെട്ട മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ )

പ്രൊട്ടസ്റ്റന്‍റ് സഭകള്‍

കത്തോലിക്കാ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭകളില്‍ പെടാത്ത എല്ലാ സഭകളേയും പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍ പൊതുവേ പെടുത്തിയിരിക്കുന്നത്.
  • ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ)
  • ഇവാഞലിക്കല്‍ സഭ *ആംഗ്ലിക്കന്‍ സഭ
  • ലൂഥറന്‍ സഭ
  • പെന്തക്കോസ്ത സഭകള്‍
  • ശാബത്ത് സഭ (സെവന്‍‍ത് ഡേ അഡ്വന്റിസ്റ്റുകള്‍
  • രക്ഷാ സൈന്യം (സാല്‍‌വേഷന്‍ ആര്‍മി)
  • ബ്രദറണ്‍ അസംബ്ലി (വേര്‍പാടുകാര്‍)
  • ബിലീവേഴ്സ് ചര്‍ച്ച്


    അവലംബം: വിക്കിപീഡിയ 

2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട ലത്തീഫിന് സ്നേഹപൂര്‍വ്വം

6 അഭിപ്രായ(ങ്ങള്‍)

പ്രിയപ്പെട്ട ലത്തീഫിന് സ്നേഹപൂര്‍വ്വം,

വളരെക്കാലമായി ഞാന്‍ ബ്ലൂലോഗത്തെ ഒരു വായനക്കാരനായിട്ടു. എങ്കിലും സ്വന്തമായി ഒരു ബ്ലോഗ്‌ എഴുതണമെന്നു ഇതുവരെയായി ഒരിക്കല്‍പോലും എനിക്ക് തോന്നിയിട്ടില്ല. മാത്രവുമല്ല വളരെ അപൂര്‍വ്വമായി മാത്രമേ മറ്റുള്ളവരുടെ ലേഖനങ്ങളില്‍ കമന്റുകള്‍പോലും എഴുതാറുള്ളു. ഇപ്പോള്‍ ഒരു ബ്ലോഗ്‌ എഴുതുവാന്‍ എനിക്കുണ്ടായ പ്രചോദനം താങ്കളുടെ "യുക്തിവാദികളും വിശ്വാസികളും"  എന്ന ബ്ലോഗിലെ "ക്രിസ്തീയ വിശ്വാസങ്ങള്‍" ചര്‍ച്ചചെയ്യപ്പെടുന്ന ലേഖനങ്ങളാണ്.  ഈ കാര്യം വളരെ വ്യക്തമായി ഞാന്‍ താങ്കളോട് പറഞ്ഞിട്ടുള്ളതാണ്.  

എന്റെ ബ്ലോഗിലെ ഇതുവരെയുള്ള ലേഖനങ്ങളുടെ ഉറവിടം താങ്കളുടെ ബ്ലോഗിലെ സംവാദങ്ങള്‍ മാത്രമായിരുന്നു. ആ സംവാദങ്ങളില്‍ എനിക്ക് തോന്നിയ സംശയങ്ങള്‍ / ആശയകുഴപ്പങ്ങള്‍ / അഭിപ്രായങ്ങള്‍ ഇവയൊക്കെയാണ് ഞാന്‍ ലേഖനങ്ങളാക്കിയത്.    എന്റെ സംശയങ്ങള്‍ / ആശയകുഴപ്പങ്ങള്‍ / അഭിപ്രായങ്ങള്‍ ഇവ താങ്കളുടെ ബ്ലോഗില്‍ കമന്ടുകളാക്കിയാല്‍ തുടര്‍ച്ച നഷ്ട്ടപ്പെടും എന്ന് തോന്നിയതുകൊണ്ടാണ്   ഒരു ബ്ലോഗ്‌ ഉണ്ടാക്കി അതില്‍ ലേഖനങ്ങള്‍ ആക്കിയത്. എന്റെ ഓരോ ലേഖനങ്ങളിലും അവയില്‍ ഞാന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കാരണമായ താങ്കളുടെ സൃഷ്ടികളുടെ ലിങ്കും നല്‍കിയിരുന്നു. വളരെ ആരോഗ്യകരമായ ഒരു ചര്‍ച്ച മാത്രമാണ് ഞാന്‍ അതുകൊണ്ട് ഉദ്ദേശിച്ചത്. 

എന്നാല്‍ കമന്റുകളുടെ പേരില്‍ പരസ്പരമുണ്ടായ ചില ആശയകുഴപ്പങ്ങള്‍ കാരണം താങ്കളെ വ്യക്തിപരമായി (ഒരു പക്ഷെ) വേദനിപ്പിക്കുന്നതരത്തില്‍ ഞാന്‍ ഒരു ലേഖനം എഴുതുകയുണ്ടായി. താങ്കള്‍ അല്ലാതെ മറ്റാരും അത് വായിച്ചുകാണും എന്ന് ഞാന്‍ വിചാരിക്കുന്നില്ല, കാരണം താങ്കള്‍ അല്ലാതെ മറ്റാരെങ്കിലും എന്റെ ബ്ലോഗില്‍ വന്നുപോകാറുണ്ടെന്ന് ഞാന്‍ കരുതുന്നില്ല (എന്റെ ആദ്യ പോസ്റ്റിനു മറ്റു രണ്ടു പേര്‍ കമന്റ് എഴുതിയിട്ടുണ്ടെങ്കിലും). ആ ലേഖനം ഇനിമുതല്‍ ഈ ബ്ലോഗില്‍ മറ്റാര്‍ക്കും ലഭ്യമാകില്ല. 

താങ്കളുടെ യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ, യേശുപ്രവചിച്ച ആശ്വാസ ദായകന്‍ എന്നീ ലേഖനങ്ങളുടെ തിരുത്തുകളിലൂടെ ഞാന്‍ താങ്കളോട് ചോദിച്ച ചോദ്യങ്ങള്‍ / പറഞ്ഞ അഭിപ്രായങ്ങള്‍ എല്ലാം താങ്കളുടെ ലേഖനങ്ങള്‍ / കമന്റുകള്‍ക്കുള്ള മറുപടികള്‍ വായിച്ചപ്പോള്‍  എനിക്ക് തോന്നിയ പൊരുത്തക്കേടുകള്‍ ആണ്. താങ്കളുടെ ലേഖനങ്ങളില്‍ താങ്കള്‍ സൂചിപ്പിച്ചിരുന്നതുപോലെ ഒരു തുറന്ന സംവാദം താങ്കള്‍ സ്വാഗതം ചെയ്യുന്നു എന്ന് ഞാന്‍ വിചാരിച്ചു. വളരെ ആരോഗ്യകരമായ ഒരു ചര്‍ച്ച, അത് മാത്രമാണ് ഇവയില്‍നിന്നും ഞാന്‍ പ്രതീക്ഷിച്ചത്. എന്റെ ലേഖനങ്ങളില്‍ ഒരിടത്തുപോലും താങ്കളെയോ /  താങ്കളുടെ മതവിശ്വാസത്തെയോ വ്യക്തിപരമായോ പൊതുവായൊ ഞാന്‍ മോശമായി ചിത്രീകരിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. താങ്കളുടെ നിഗമനങ്ങളുടെ പൊരുത്തക്കെടുകളെയും മുന്‍വിധികളെയുമാണ്  ചോദ്യം ചെയ്തത്.  

താങ്കളുടെ മതവിശ്വാസതെക്കുറിച്ചോ, മതഗ്രന്ഥത്തെക്കുരിച്ചോ ഒരിക്കല്‍പോലും ആധികാരികമായി ഞാന്‍ ഒരഭിപ്രായവും എന്റെ ലേഖനങ്ങളില്‍ പ്രകടിപ്പിച്ചിരുന്നില്ല. അവയെക്കുറിച്ച് എനിക്കുള്ള അറിവില്ലായ്മ ഞാന്‍ തുറന്നു സമ്മതിചിട്ടുള്ളതുമാണ്.  എന്നാല്‍ താങ്കള്‍ ബൈബിളിനെക്കുറിച്ചു / ക്രിസ്തിയ വിശ്വാസങ്ങളെക്കുറിച്ചു പ്രകടിപ്പിച്ചിട്ടുള്ള ആധികാരികമായ അഭിപ്രായങ്ങള്‍ എല്ലാംതന്നെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട് / പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനു കാരണം ബൈബിള്‍ എന്നത് എനിക്ക് കേവലമൊരു ചരിത്ര പുസ്തകമോ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റെന്തെങ്കിലുമോ അല്ല, പ്രത്യുതാ സത്യവേദ പുസ്തകം അഥവാ വേഗ്രന്ഥം ആണ്, ക്രിസ്തിയ വിശ്വാസങ്ങള്‍ എന്നുള്ളത് ജീവിതത്തിന്റെ ഭാഗവുമാണ് എന്നതാണ്.  

താങ്കളുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ താങ്കള്‍ പത്തുനാല്‍പത് കൊല്ലമായി കൂടുതല്‍ സത്യങ്ങള്‍ അറിയണം എന്ന് വിചാരിച്ച്  നടക്കുന്ന ഒരു പഠിതാവ്  ആണ്. അങ്ങനെയുള്ള താങ്കള്‍ സ്വന്തം പഠനത്തിനായി എന്റെ മതവിശ്വാസം വിമര്‍ശനപരമായി വിശകലനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പാകപ്പിഴകള്‍ ഞാന്‍ ചൂണ്ടികാണിക്കുന്നതില്‍  ഔച്ചിത്യക്കുവുണ്ടെന്നു കരുതുന്നില്ല. ഈ ഒരു കാര്യം മാത്രമേ എന്റെ ലേഖനങ്ങളിലൂടെ ഞാന്‍ ചെയ്തുള്ളൂ. അല്ലാതെ ക്രിസ്തുമതം ഇസ്ലാം മതത്തെക്കാള്‍ മേന്മയുള്ളതാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല.   ഞാന്‍ താങ്കളോട് ചൂണ്ടികാണിച്ച കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ച ഭാഷയില്‍ എന്തെങ്കിലും മോശമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല, മറിച്ചാണെന്ന് താങ്കള്‍ക്കു തോന്നുന്ന ഏതെങ്കിലും വാക്യം ചൂണ്ടികാണിച്ചാല്‍ അവ പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്. മാത്രവുമല്ല എന്റെ ലേഖനങ്ങളിലെ ശൈലിയും ഭാഷയും അത് വായിക്കുന്നവര്‍ക്ക് ലളിതമായി മനസിലാക്കാന്‍ പറ്റുന്നതരത്തിലായിരുന്നെന്നു കരുതുന്നു.  


താങ്കളുടെ യേശുപ്രവചിച്ച ആശ്വാസദായകന്‍ എന്ന ലേഖനത്തില്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയായി പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെപ്പറ്റി താങ്കളോട് വ്യക്തത വരുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മുഹമ്മദ്‌ നബിയുടെ ആഗമനത്തെക്കുരിച്ചു താങ്കള്‍ മറ്റു മതസ്ഥരുടെ വേദങ്ങളില്‍ കണ്ടെത്തിയ കാര്യങ്ങളെ ആസ്പതമാക്കിയാണ്  ആറ്‌ ലേഖനങ്ങളും അവയിലെ കമന്റുകളും എഴുതിയതെന്നു പറയുന്നുണ്ടല്ലോ. അതോടൊപ്പംതന്നെ താങ്കളുടെ ലേഖനങ്ങള്‍ വായിക്കുന്ന എല്ലാവര്ക്കും താങ്കളുടെ കണ്ടെത്തലുകള്‍ മനസിലാക്കി കൊടുക്കാം എന്നൊരു നിര്‍ബന്ധവും താങ്കള്‍ക്കില്ല എന്നും പറഞ്ഞുവല്ലോ. എങ്കില്‍പോലും താങ്കളുടെ ലേഖനങ്ങള്‍ വായിക്കുന്ന ഒരാള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ താങ്കളോട് ചോദിക്കുമ്പോള്‍ അവ പരിഹരിക്കേണ്ട ധാര്‍മികമായ ഉത്തരവാതിത്ത്വം ആ ലേഖനങ്ങളുടെ രചയിതാവ് എന്നനിലയില്‍ താങ്കല്‍ക്കില്ലേ?

താങ്കളുടെ മറുപടിയില്‍, എന്റെ കമന്റുകള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാത്തതിന് കാരണമായി  താങ്കള്‍ പറയുന്നത് പരിധികള്‍ ലംഘിക്കരുതെന്ന ആഗ്രഹം താങ്കള്‍ക്കുള്ളതുകൊണ്ടാനെന്നാണ്.  താങ്കള്‍ "പരിധികള്‍" എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് "സഭ്യത" ആണെങ്കില്‍, ഞാന്‍ താങ്കളോട് അസഭ്യമായതൊന്നും ചോദിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. മറിച്ചാണെങ്കില്‍ ദയവായി അത് ചൂണ്ടികാണിക്കുക.  താങ്കള്‍ പരിധികള്‍ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് മറ്റെന്തെങ്കിലും ആണെങ്കില്‍ അവ എന്താണെന്ന് താങ്കളുടെ ലേഖനത്തിലോ അല്ലെങ്കില്‍ കമന്റുകള്‍ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മനസിലാകുന്ന വിധത്തില്‍ മറ്റെവിടെയെങ്കിലുമോ രേഖപ്പെടുത്തിയിരുന്നെങ്കില്‍ അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ കമന്റുകള്‍ ആയി ആരും എഴുതില്ലായിരുന്നല്ലോ.... (സാജന്‍ ആരാണെന്നോ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്തായിരുന്നുവെന്നോ ഞാന്‍ എനിക്കറിയില്ല, ഞാന്‍ പറയുന്നത്  എന്റെ കാര്യം മാത്രമാണ്) 


ബൈബിള്‍ തലനാരിഴ കീറി പരിശോധിക്കേണ്ട ഒരു ഗ്രന്ഥം ആണെന്ന് താങ്കള്‍ക്ക് തോന്നുന്നുവില്ലെങ്കിലും, ബൈബിള്‍ വിശുദ്ധ ഗ്രന്ഥമായി പരിഗണിക്കുന്ന ഒരാള്‍ താങ്കളുടെ ലേഖനങ്ങളില്‍ താങ്കള്‍ ഉപയോഗിച്ചിരിക്കുന്ന ബൈബിള്‍ വാക്യങ്ങളെപറ്റി സംശയങ്ങളോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കുമ്പോള്‍ താങ്കളുടെ ഭാഗം വിശധീകരിക്കാനും ആ സംശയങ്ങളെ / അഭിപ്രായങ്ങളെ  സാധൂകരിക്കാനും താങ്കള്‍ തയ്യറാവേണ്ടാതല്ലേ? താങ്കള്‍ അതിനു തയ്യറാവാതിരിക്കുമ്പോള്‍ എന്ത് ന്യായീകരമാണ് താങ്കളുടെ ആശയങ്ങള്‍ക്ക്, എന്ത് ആധികാരികതയാണ് താങ്കളുടെ ലേഖനങ്ങള്‍ക്ക് ഉണ്ടാവുക?

താങ്കളുടെ പോസ്റ്റില്‍ എന്റെതന്നെ വാദഗതികള്‍ പുലര്‍ത്തുന്ന ആരോടെങ്കിലും അല്ല ഞാന്‍ സംശയങ്ങള്‍ ചോദിച്ചത്. താങ്കള്‍ എഴുതിയ ലേഖനങ്ങളിലെ എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ എന്റെ മതഗ്രന്ഥത്തെ, അതിലെ വാക്യങ്ങളെ ഉപയോഗിച്ചതിലെ ആധികാരികതയെ ആണ്.  എന്റെ സംശയങ്ങള്‍ പ്രകടിപ്പിച്ച ഒരു സ്ഥലത്തുപോലും ഞാന്‍ സഭ്യതയുടെ അതിരുകള്‍ കടന്നുപോയിട്ടില്ല. എന്റെ കമന്റുകള്‍ താങ്കളുടെ ബ്ലോഗില്‍ ഇനി പോസ്റ്റ്‌ ചെയ്യണമെന്നില്ല എന്ന അഭിപ്രായം എന്തുകൊണ്ടാണ് താങ്കള്‍ പറയുന്നത്? താങ്കള്‍ ചര്‍ച്ച ചെയ്ത വിഷയവുമായി ബന്ധപ്പെട്ടു ഞാന്‍ നല്‍കിയ കമന്റുകളില്‍ എന്ത് തെറ്റാണു താങ്കള്‍ കണ്ടത്? ഞാന്‍ താങ്കളെപ്പോലെ വേദപുസ്ത്കങ്ങളിലെ വാക്യങ്ങള്‍ ഒന്നുംതന്നെ ഉപയോഗിചില്ലല്ലോ? താങ്കളുടെ നിഗമനങ്ങളിലെ എന്റെ സംശയങ്ങള്‍ പ്രകടിപ്പിച്ചതല്ലേ ഉള്ളൂ... അവ ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ എന്നെ ബ്ലോഗ്‌ വിലക്കുകയാണോ ചെയ്യേണ്ടത്?  


താങ്കള്‍ ഇവിടെ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ഇസ്ലാമിനെക്കുരിചാണെങ്കിലും അതില്‍ മറ്റൊരു മതവിശ്വാസിയുടെ ഏതെങ്കിലും കാര്യങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ അതിന്റെ ആധികാരികതയെ ആ മതത്തില്‍പ്പെട്ട ആരെങ്കിലും ചോദ്യംചെയ്താല്‍ അവയ്ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നതല്ലേ ഉത്തമം. സ്വന്തം മതത്തെ മറ്റൊരു മതവുമായി മാറ്റുരച്ചുനോക്കി മൂല്യം നിര്‍ണയികേണ്ട ഒന്നാണോ? ഇനി അഥവാ അങ്ങനെ ആവശ്യമുന്ടെങ്കില്‍ സ്വന്തം മതത്തിലെ പ്രബോധനങ്ങളെ / നിയമങ്ങളെ   മറ്റൊരു മതത്തിന്റെ നിയമവുമായി / പ്രബോധനവുമായി താരതമ്യം ചെയ്തുകൂടെ? ക്രിസ്ത്യാനിസതെക്കുറിച്ചു താങ്കള്‍ക്കുള്ള സംശയങ്ങള്‍ എന്റെ വിശ്വാസം അനുസരിച്ച് എന്നാലാവുംവിധം പരിഹരിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷെ താങ്കള്‍ മനസിലാകിയ ക്രിസ്ത്യാനിസം എന്താണെന്ന് എന്നോട് പറഞ്ഞെങ്കില്‍ മാത്രമേ അത് സാധ്യമാകൂ.


താങ്കള്‍ സൂചിപ്പിച്ചപോലെ താങ്കളുടെ പോസ്റ്റിലെ ലേഖനങ്ങളെക്കുറിച്ചു എനിക്കുള്ള സംശയങ്ങളാണ് ക്രമമായി അക്കമിട്ടു താങ്കളോട് ചോദിച്ചത്, അല്ലാതെ എന്റെ കയ്യില്‍നിന്നും സ്വന്തമായി എഴുതിയ ഒരു വാചകം പോലും അതിലില്ല ( സന്ദര്‍ഭവശാല്‍ ചില ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടിയതൊഴിച്ചാല്‍ ). താങ്കളുടെ മറുപടിയില്‍ സൂചിപ്പിച്ച "വസ്തുതകള്‍" എന്നതുകൊണ്ട്‌ താങ്കള്‍ അര്‍ത്ഥമാക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലല്ലോ? അഥവാ താങ്കള്‍ ഉദ്ദേശിക്കുന്നത് ബൈബിള്‍ വാക്യങ്ങള്‍ ആണെങ്കില്‍ അവ താങ്കള്‍ക്കു "വസ്തുതകള്‍" ആണെങ്കിലും എനിക്ക്  "വിശ്വാസം" അല്ലേ? അപ്പോള്‍ വിയോജിപ്പ് തീര്‍ച്ചയായും രേഖപ്പെടുത്തെണ്ടാതല്ലേ?


താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് തന്ന മറുപടിയില്‍ പറഞ്ഞപോലെ താങ്കള്‍ പറഞ്ഞതെല്ലാം താങ്കളുടെ അഭിപ്രായങ്ങള്‍ മാത്രം എന്ന് കരുതുന്നതുകൊണ്ടും, ഞാന്‍ ഇനി താങ്കളുടെ ബ്ലോഗില്‍ കമന്റ് പോസ്റ്റ്‌ ചെയ്യണമെന്നില്ല എന്ന താങ്കളുടെ ആവശ്യം മുഖവിലയ്ക്കെടുത്തുകൊണ്ടും (താങ്കളുടെ 17  ഉത്തരങ്ങളെക്കുറിച്ചും ഒരു സംവാദം ആഗ്രഹിച്ചിരുന്നെങ്കിലും) താങ്കള്‍ക്കുള്ള എന്റെ മറുപടി ഇവിടെ പൂര്‍ത്തിയാക്കുന്നു.  

യേശുപ്രവചിച്ച ആശ്വാസദായകന്‍ - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍

8 അഭിപ്രായ(ങ്ങള്‍)
ശ്രീ സി.കെ.ലത്തീഫ് എഴുതിയ യേശുപ്രവചിച്ച ആശ്വാസദായകന്‍ എന്ന ലേഖനം വായിച്ചപ്പോള്‍ അദ്ദേഹത്തോട് ചോദിക്കാന്‍ എനിക്ക് തോന്നിയ സംശയങ്ങള്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു. എന്റെ ഈ ലേഖനത്തിലെ ഏതെങ്കിലും സംശയങ്ങള്‍ക്ക് / പ്രസ്താവനകള്‍ക്ക് മറുപടി പറയണമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവ ദയവായി കമന്റുകളായി നല്‍കാവുന്നതാണ്. എന്റെ കാഴ്ചപ്പാടിലെ തെറ്റുകള്‍ ചൂണ്ടികാട്ടിയാല്‍ (ശരിയായവ നിര്‍ദ്ദേശിച്ചാല്‍) തിരുത്തുവാന്‍ ഞാന്‍ തയ്യാറാണ്. എന്റെ സംശയങ്ങള്‍ ഞാന്‍ ക്രമമായി ചുവടെ ചേര്‍ക്കുന്നു. 

1. ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതുണ്ടെന്ന് കരുതുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ചര്‍ച അവിടെ അവസാനിപ്പിക്കാനാണ് സാധ്യത.   -
 
താങ്കളോട് ചര്‍ച്ചയ്ക്കു വരുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ട എന്ന് കരുതുന്നവര്‍ മാത്രമാണ് എന്നാണോ താങ്കള്‍ ഇവിടെ ഉദ്ദേശിക്കുന്നത്?

2.  ഒരു പ്രവാചകന്‍ നല്‍കിയ സന്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാനും അക്ഷരംപ്രതി നടപ്പില്‍ വരുത്താനും സാധിക്കുമാറ് പക്വത പ്രാപിച്ച ഒരു ജനതയിലാണ് മുഹമ്മദ് നബി ആഗതനായത്. പ്രവാചകത്വത്തിന്റെ ആരംഭത്തില്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്‍പറ്റിയില്ല എന്നത് നേരാണ്.   
- ഈ രണ്ടു വാക്യങ്ങളും തമ്മില്‍ യാതൊരു യോജിപ്പും ഇല്ലല്ലോ സുഹൃത്തെ? ഇതില്‍ ആദ്യം പറഞ്ഞ വാചകം ശരിയാണെങ്കില്‍ മുഹമ്മദ് നബിയെക്കാളും പക്വത ആ ജനതയ്ക്കുണ്ടായിരുന്നു എന്നാണോ?

3. മദീനയിലാണ് കാര്യമായും നിയമങ്ങള്‍ നല്‍കപ്പെടുന്നത്. -

എന്തൊക്കെയാണ് മദീനയില്‍ വച്ച് നല്‍കിയ നിയമങ്ങള്‍ എന്ന് താങ്കള്‍ ഇവിടെ വ്യക്തമാക്കിയിട്ടില്ലല്ലോ?

4. യേശുവായിരുന്നു ഇത്ര സമ്പൂര്‍ണവും സമഗ്രവുമായ നിയമം കൊണ്ടുവന്നിരുന്നതെങ്കില്‍ അതിന്റെ എത്ര ശതമാനം ഇന്ന് നമ്മുക്ക് ലഭിക്കുമായിരുന്നുവെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് കൗതുകകരമായിരിക്കും. 

- സമഗ്രവും സമ്പൂര്‍ണവുമായ നിയമം എന്നതുകൊണ്ട്‌ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?

5. മുഹമ്മദ് നബി ഒരു പ്രത്യേക മതമോ ദര്‍ശനമോ പുതുതായി അവതരിപ്പിക്കുകയായിരുന്നില്ല. പൂര്‍വപ്രവാചകന്‍മാരുടെ അതേ സന്ദേശങ്ങള്‍തന്നെയാണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത് ഇപ്രകാരം മോശയുടെയും യേശുവിന്റെയും യഥാര്‍ഥ പിന്‍ഗാമി എന്നവകാശപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു  

അങ്ങനെയാണെങ്കില്‍ ഇസ്ലാം / മുസ്ലിം മതം മുഹമ്മദ്‌ നബിക്കും മുന്‍പേ ഉണ്ടായിരുന്ന എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്. അതല്ലയെങ്കില്‍ മുഹമ്മദ്‌ നബിയും, മോശയും യേശുവിനെയും പോലെ ഒരു യഹൂദന്‍ ആയിരുന്നു എന്നാണോ? അങ്ങനെയായിരുന്നുവെങ്കില്‍ മുഹമ്മദ്‌ നബിയുടെ ജനനത്തിനും 5 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന മറ്റൊരു യഹൂദനായ യേശുവിന്റെ അനുയായികളോട് (അവരുടെ കാഴ്ചപ്പാടില്‍ ദൈവപുത്രന്‍) എന്തിനാണ് താങ്കള്‍ നബിയിലേക്ക് നോക്കുവാന്‍ ആവശ്യപ്പെടുന്നത്? നബിയാണ് യേശുവിനെക്കള്‍ ശ്രേഷ്ടന്‍ എന്ന് താങ്കള്‍ വിശ്വസിക്കുന്നപോലെ യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുവാന്‍ അവര്‍ക്കും അവകാശം ഇല്ലേ? മുഹമ്മദ്‌ നബി യഹൂദന്‍ ആയിരുന്നുവെങ്കില്‍ ഇസ്ലാം / മുസ്ലിം മതത്തിന്റെ പ്രവാചകന്‍ ആയതെങ്ങനെ? അതല്ല മോശയും, യേശുവും നബിയുമെല്ല്ലം മുസ്ലിങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്ന യഹൂദര്‍ ആരുടെ പിന്തുടര്ച്ചയായിരിക്കും?

6. മുഹമ്മദ് നബിക്ക് ദൈവം ദിവ്യബോധനത്താല്‍  നല്‍കുന്നത് സംസാരിക്കുക എന്നല്ലാതെ സ്വന്തം താല്‍പര്യത്തിനുസരിച്ച് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തനങ്ങളും അന്ത്യദിനം വരെയുള്ള മനുഷ്യന് മാതൃകയാണെന്ന് പറയുന്നത്. -

ക്രിസ്ത്യന്‍ വിശ്വാസം അനുസരിച്ച് യേശു മനുഷ്യരുടെ പാപങ്ങള്‍ / തെറ്റുകള്‍ സ്വയം ഏറ്റുകൊണ്ട് കുരിശുമരണം വഹിക്കുകയാണ് ചെയ്തത്. ( ക്രിസ്ത്യന്‍ വിശ്വാസം എന്ന് പറയാന്‍ കാരണം ഇസ്ലാം മതവിശ്വാസപ്രകാരം യേശുവിന്റെ മരണം എങ്ങനെയാണ് എന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടാണ്) സ്വന്ത ജീവന്‍ മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിച്ചു യേശു നല്‍കിയ മാതൃക തിന്മയെ നന്മകൊണ്ടു ജയിക്കുന്നതായതുകൊണ്ട് യേശുവിന്റെ പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവുന്നതല്ലേ?

7 .മുഹമ്മദ് നബിയോളം ദൈവവീക്ഷണം ഇത്ര കൃത്യമായി അവതരിപ്പിച്ച മറ്റൊരാളുമില്ല അതറിയണമെങ്കില്‍ (അധ്യായം 2:255 ) സൂക്തം അതിന്റെ വ്യാഖ്യാന സഹിതം ഒന്നു പാരായണം ചെയ്താല്‍ മതി. സൂക്തം കാണുക:'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ  ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ - 

താങ്കള്‍ വിവരിക്കുന്ന ഇതേ അര്‍ഥം തന്നെയാണ് എന്റെ അറിവിലുള്ള മറ്റെല്ലാ മതഗ്രന്ഥങ്ങളിലും ഉള്ളത്. ഓരോ മതക്കാരും താങ്കളാണ് ദൈവത്തെ ഏറ്റവും നന്നായി അവതരിപ്പിക്കുന്നത്‌ മറ്റാരും അതുപോലെ അവതരിപ്പിക്കുന്നില്ല എന്ന് താങ്കളെപ്പോലെ വാദിച്ചാല്‍ എന്താകും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ?

(എന്റെ കുട്ടിക്കാലം മുതല്‍ വീടിനടുത്തുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തില്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒരു ഭക്തിഗാനം ഉണ്ട്.... അതിന്റെ ആദ്യവരികള്‍ ..... മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായി കാവല്‍വിളക്കായി കരളിലിരിക്കുന്നു.... എന്നാണു)

 8 .ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും.  ന്യായത്തിന്റെയും നീതിയുടെയും അതുല്യമായ പാഠമാണ് മുഹമ്മദ് നബി നല്‍കിയത്. - 


ഈ പാഠങ്ങള്‍ തന്നെയാണ് മുഹമ്മദ്‌ നബിയുടെ ജനനത്തിനും 5 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് (5 നൂറ്റാണ്ട് എന്നത് താങ്കളുടെ തന്നെ വാക്കുകള്‍, എനിക്ക് വ്യക്തമായി അറിയില്ല യേശുവിന്റെ കാലശേഷം എത്ര നാള്‍ കഴിഞ്ഞിട്ടാണ് മുഹമ്മദ്‌ നബി ജനിച്ചതെന്നത് ) യേശുവും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരും ലോകത്തെ പഠിപ്പിച്ചതും.

9. തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍) - 

നിരക്ഷരതയുടെ പ്രാധാന്യം എന്താണെന്ന് മനസിലാവുന്നില്ല.

10. 'യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍, ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. - 

ഈ വാക്യത്തില്‍ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ലോകത്തെ മറ്റെല്ലാ മതഗ്രന്ഥങ്ങളും തെറ്റായ മാര്‍ഗമാണ് കാണിച്ചു തരുന്നത് എന്നാണോ? അല്ലെങ്കില്‍ മറ്റെല്ലാം കുറച്ചു ശരി, ഖുര്‍ ആന്‍ കൂടുതല്‍ ശരി എന്നാണോ? ശരി, തെറ്റ് ഇവയില്‍ കൂടുതല്‍, കുറവ് ഇങ്ങനെയുള്ള അളവുകള്‍ ഉണ്ടോ? ഒന്നുകില്‍ മുഴുവനും ശരി അല്ലെങ്കില്‍ മുഴുവനും തെറ്റ് അങ്ങനെയല്ലേ?

11. മറിയമിന്റെ പരിശുദ്ധി ഊന്നിപ്പറയുന്ന ഖുര്‍ആനോളം ബൈബിള്‍ എത്തുമോ. -

താങ്കള്‍ ഈ ചോദ്യം വെറുതെ ചോദിച്ചുപോയാല്‍ ഈ ലേഖനം വായിക്കുന്നവര്‍ എങ്ങനെ ഉത്തരം പറയും? മറിയത്തിന്റെ പരിശുദ്ധിയെക്കുരിച്ചു ഖുര്‍ ആനിലും ബൈബിളിലും ഉള്ള കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുവേണ്ടേ ഇങ്ങനെ ചോദിക്കാന്‍?  

 12. പിന്നെ യേശുവിന്റെ കല്‍പനകള്‍ ത്രിയേകത്വത്തെക്കുറിച്ചോ, യേശുവിന്റെ മാതാവിനെ ആരാധിക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല. എന്ന് പരലോകത്ത് യേശുവിനെ വിചാരണ ചെയുന്ന സമയത്തെ അനുസ്മരിച്ച് ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു -

താങ്കള്‍ ഇങ്ങനെ എഴുതിയത് മുസ്ലിം സമുദായത്തിലെ സഹോദരങ്ങള്‍ ഇവ രണ്ടും ചെയ്യുന്നു, പരിശുദ്ധ ഖുര്‍ ആന്‍ അനുസരിച്ച് അത് തെറ്റാണു എന്ന് അവരെ പഠിപ്പിക്കുവാനാണോ? അതല്ല ക്രിസ്ത്യാനികളെ ഉദ്ദേശിചാനെങ്കില്‍, അവര്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് താങ്കള്‍ക്കെന്തെങ്കിലും നഷ്ടം സംഭവിക്കുന്നുവോ?  

13. യേശുവിന്റെ പ്രവചനങ്ങള്‍ അക്ഷരം പ്രതി മുഹമ്മദ് നബിയില്‍ യോജിച്ച് വരുന്നതായി നിഷ്പക്ഷമായ ഒരു പഠനത്തില്‍ കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല  - 

താങ്കളുടെ ഈ പ്രസ്താവനയ്ക്ക് യോജിക്കുന്ന ഒരു വാക്യമെങ്കിലും താങ്കളുടെ ഈ ലേഖനത്തില്‍ ഉണ്ടെന്നു താങ്കള്‍ക്കു തോന്നുന്നുവോ? നിഷ്പക്ഷമായ പഠനം എന്ന് പറയുന്നത് സ്ഥാനത്തും അസ്ഥാനത്തും സ്വന്തം വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ ഉപയോഗിക്കുക എന്നതാണോ? പരിശുദ്ധ ഖുര്‍ ആനിലെ വാക്യങ്ങള്‍ ഇങ്ങനെ മറ്റുള്ളവര്‍ക്ക് വിമര്‍ശിക്കുവാന്‍ പാകത്തില്‍ വാരി വിതറി സ്വന്തം വിശ്വാസം മാത്രമാണ് ഉത്തമം മറ്റെല്ലാം മൂല്യമില്ലാത്തവ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തന്നെ സ്വന്തം വിശ്വാസത്തിന്റെ മേന്മയില്‍ സംശയം ഉള്ളത് കൊണ്ടല്ലേ.

14. ഇതൊരു മനശാസ്ത പ്രതിരോധമാണ് എന്ന് തോന്നുന്നു. -

തീര്‍ച്ചയായും താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ താങ്കളും അതുതന്നെയല്ലേ അഞ്ചു ലേഖനങ്ങളിലും അവയുടെ കമന്റുകള്‍ക്കുള്ള മറുപടിയിലും ചെയ്തുകൊണ്ടിരുന്നത്? 

15. ശത്രുക്കളുടെ പടയണി പാരാവാരം പോലെ വന്നപ്പോള്‍ അവയെ ചെറുത്ത് നിന്ന് തന്നെ പിന്നില്‍ അണിനിരന്ന് വിശ്വാസികളെ ശത്രുക്കള്‍ മുന്നിലേക്ക് എറിഞ്ഞുകൊടുത്തില്ല എന്നത് തെറ്റല്ല. യേശുവിന് ഇതേ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നെങ്കില്‍ അദ്ദേഹവും ഇതേപോലെ പോരാടുമായിരുന്നു. ഇല്ലെങ്കില്‍ ഒരു മഹാഭീരു എന്നല്ലാതെ ഒരു വിശേഷണത്തിനും അദ്ദേഹം അര്‍ഹമായിരുന്നില്ല.-

താങ്കളുടെ ഈ വീക്ഷണം മണ്ടത്തരം എന്നേ പറയാനൊക്കു... ബൈബിളിലെ സുവിശേഷഭാഗങ്ങള്‍ സ്വന്തം ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന താങ്ങള്‍ ആ സുവിശേഷങ്ങളില്‍ ഒരിടത്തും ഇങ്ങനെയൊരു സാഹചര്യം കണ്ടില്ല എന്ന് പറയുമ്പോള്‍ ഒന്നുകില്‍ താങ്കള്‍ സുവിശേഷങ്ങള്‍ വായിച്ചിട്ടില്ല അല്ലെങ്കില്‍ താങ്കള്‍ നുണ പറയുന്നു

16 . യേശുവിന് ബലം പ്രയോഗിക്കേണ്ട അധികം സന്ദര്‍ഭം ഉണ്ടായതായി കാണുന്നില്ല. കിട്ടിയ സന്ദര്‍ഭത്തില്‍ അദ്ദേഹം ചെയ്തതെന്താണെന്നോ താഴെ വചനം വായിക്കുക. ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വിലക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻ വാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻ വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;' - 

ഈ വാചകത്തിന് ശേഷം യേശു എന്തിനിത് ചെയ്തു എന്ന് അടുത്ത വചനങ്ങളില്‍ യേശു തന്നെ പറയുന്നതായി എഴുതിയിട്ടുണ്ട്. താങ്കള്‍ അത് വായിക്കാഞ്ഞതാണോ? അതോ വായിച്ചിട്ട് സൗകര്യപൂര്‍വ്വം ഒഴിവാക്കിയതോ?


17 . ഞാനൊരിക്കല്‍ കൂടി പറയുന്നു ശത്രുക്കളെ സ്‌നേഹിക്കേണ്ട; ശത്രുക്കളാക്കി, ശത്രുക്കളെന്ന് വരുത്തി ഉന്‍മൂലനം ചെയ്യുന്ന പരിപാടി മാത്രം ആരും സ്വീകരിക്കില്ലെന്ന് തീരുമാനിച്ചാല്‍, അപ്രകാരം നടപ്പാക്കിക്കൊണ്ടിരിക്കുന്നവരെ ഫലപ്രദമായി തടയാന്‍ സാധിച്ചാല്‍ ഇന്ന് നാം കാണുന്ന സകല പ്രശ്‌നങ്ങള്‍ക്കും പിന്നീട് പരിഹാരം വളരെ എളുപ്പമായിരിക്കും - 

ഇങ്ങനെ പറയുമ്പോഴും താങ്കളുടെ ലേഖനങ്ങളിലെ ശൈലി ഇതിനോട് യോജിക്കുന്നില്ലല്ലോ?

പല കമന്റുകളും കണ്ടില്ലെന്ന് നടിക്കുന്നത് അതില്‍ മറുപടി പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടും പിന്നെ അങ്ങനെയും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുമാണ്. എങ്കിലും കമന്റുകളിലൊക്കെ വിചാരത്തേക്കാള്‍ വികാരമാണെന്ന് പറയാതെ നിവൃത്തിയില്ല.  - 

ഇങ്ങനെ പറയുവാന്‍ താങ്കള്‍ക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ടുതന്നെ എന്റെ ഈ ലേഖനത്തിന് / ഇതിലെ കമന്റുകള്‍ക്ക് താങ്കളില്‍നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു.

2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ? - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍

5 അഭിപ്രായ(ങ്ങള്‍)

യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ?  ശ്രീ സി. കെ ലത്തീഫ് തന്റെ ബ്ലോഗില്‍ എഴുതിയ ഈ പോസ്ടാണ് ആദ്യമായി ഒരു ബ്ലോഗപോസ്റ്റ് എഴുതുവാന്‍ എനിക്കുണ്ടായ പ്രചോദനം. എന്റെ ഈ പോസ്റ്റില്‍ മുകളില്‍ സൂചിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ടു എനിക്ക് ലഭ്യമായ എല്ലാ ബ്ലോഗ്‌പോസ്റ്റുകളും ഞാന്‍ ഇവിടെ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെതല്ലത്തതായ അഭിപ്രായങ്ങള്‍ ഞാന്‍ എവിടെ നിന്നാണ് ശേഖരിച്ചതെന്നും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്.  എന്റേതായ അഭിപ്രായങ്ങള്‍ പൂര്‍ണമായും ഈ വിഷയത്തിലെ എന്റെ കാഴ്ചപ്പാടുകള്‍ ആണ്. അവയില്‍ തെറ്റുകള്‍ ഉണ്ടെന്നു വായിക്കുന്ന ആര്‍ക്കെങ്കിലും തോന്നുന്നപക്ഷം ശരിയായ കാര്യങ്ങള്‍ എന്താണെന്ന്   ആധികാരികമായി വ്യക്തമാകിയാല്‍ തിരുത്തുവാന്‍ ഞാന്‍ തയ്യാറാണ്.

ശ്രീ സി. കെ ലത്തീഫ് ക്രിസ്തുമതവിശ്വാസി അല്ലാത്തതുകൊണ്ടും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ കേന്ദ്രബിന്ദു ബൈബിള്‍, ക്രിസ്തിയ വിശ്വാസങ്ങള്‍ എന്നിവയായതുകൊണ്ടുമാണ്  ഞാന്‍ ഇങ്ങനെയൊരു കാര്യം ചെയ്യ്വാന്‍ മുതിര്‍ന്നത്.  ഞാന്‍ ക്രിസ്തുമതത്തിലെ കത്തോലിക്കാസഭയിലെ ഒരു അംഗം ആണ്. അതോകൊണ്ടുതന്നെ ഞാന്‍ ക്രിസ്തുമതത്തെ പറ്റി പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും കത്തോലിക്കാ വിശ്വാസങ്ങള്‍ അനുസരിച്ചുള്ളതാണ്. 

യേശു തനിക്ക് ശേഷം വരാനിരിക്കുന്ന സത്യാത്മാവിനെക്കുറിച്ച് പ്രവചിച്ചതായി ബൈബിള്‍ യോഹന്നാന്‍ സുവിശേഷത്തില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അത് അപ്പോസ്ത പ്രവര്‍ത്തികള്‍ രണ്ടാമധ്യായത്തില്‍ പറഞ്ഞ പരിശുദ്ധാത്മാവിന്റെ ഇറക്കമാണ് എന്ന് മനസ്സിലാക്കിയതിനാല്‍ ക്രിസ്തുമത വിശ്വാസികള്‍ യേശുവിന്റെ ഈ പ്രവചനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുലര്‍ന്നതായി കരുതുന്നു. അത്തരം ദൃഢവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇനി ഇക്കാര്യത്തില്‍ ഒരു ചര്‍ചക്ക് പ്രസക്തിയേ ഇല്ല. ഒരു ഗ്രന്ഥത്തിന്റെ ദൈവികതയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ന്യായീകരിക്കാവുന്നതുമാണ്. -  ശ്രീ സി. കെ ലത്തീഫ് ലേഖനത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹം ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നത് വിശ്വാസികളില്‍ നിന്നുതന്നെയാണ്. കാരണം വിശ്വാസമില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഒരാളും വാദപ്രതിവാദങ്ങള്‍ക്ക് മുതിരാറില്ല. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ബൈബിള്‍ ഭൂമിയിലെ ഏറ്റവും ദൈവികത നിറഞ്ഞ ഗ്രന്ഥമാണ്.


എന്നാല്‍ മുസ്‌ലിംകള്‍ നിലവിലുള്ള ബൈബിള്‍ ഒരു ചരിത്ര ഗ്രന്ഥത്തിന്റെ സ്ഥാനത്ത് നിര്‍ത്തി വിശകലവിധേയമാക്കാവുന്നതാണ്. - ഇങ്ങനെ വിശകലനം ചെയ്യുമ്പോള്‍  അത് മുസ്ലിങ്ങള്‍ക്ക്‌ മാത്രമായുള്ള ഒരു പൊതുവേദിയില്‍ ചെയ്യുന്നതാവും ഉചിതം. അല്ല്ലാതെ ബ്ലോഗ്‌ പോലെ എല്ലാവര്ക്കും പരിശോധിക്കാവുന്ന സ്ഥലങ്ങളില്‍ ഒരു സംവാദമായി അവതരിപ്പിക്കപ്പെടാന്‍ പാടില്ല. കാരണം മുസ്ലിം മതസ്ഥര്‍ തങ്ങളുടെ സ്വന്തം വേദഗ്രന്ഥത്തെ വിമര്‍ശനപരമായി  വിശകലനം ചെയ്യുന്നത് പോലെയല്ല മറ്റൊരു മതസ്ഥരുടെ വേദഗ്രന്ഥത്തെ വിമര്‍ശനപരമായി  വിശകലനം ചെയ്യുന്നത്. ( വിമര്‍ശനം അല്ല വെറും സംവാദം മാത്രമാണെന്ന് വാദിക്കാമെങ്കിലും ആത്യന്തികമായി ലക്ഷ്യമാക്കുന്നത് വിമര്‍ശനവും സ്വന്തം മതത്തിന്റെ / മതപ്രവാചാകന്റെ  മേന്മ സ്താപിചെടുക്കലുമാണ്.)


ഇവിടെ എന്നോട് സംവദിച്ച ക്രിസ്ത്യന്‍ സഹോദരങ്ങള്‍ പോലും അവയിലെ സാമ്യത ചുണ്ടിക്കാണിച്ച് യേശു പ്രവചിച്ച കാര്യങ്ങള്‍ പ്രസ്തുത പരിശുദ്ധാത്മാവില്‍ മേളിച്ചതായി ചൂണ്ടിക്കാണിക്കുന്നതിന് പകരം യോഹന്നാന്‍ സുവിശേഷത്തിലുള്ളത് അംഗീകരിച്ച താങ്കള്‍ ബൈബിളില്‍ തന്നെയുള്ള ആ സംഭവത്തില്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്നാണ് ചോദിച്ചത്. - താങ്ങളോട് സംവദിച്ച ക്രിസ്ത്യന്‍ സഹോദരങ്ങള്‍ എല്ലാവരും ബൈബിള്‍ വചനങ്ങള്‍ അടിസ്ഥാനമാക്കി മറ്റുള്ളവരുടെ സംശയങ്ങള്‍ തീര്‍ക്കുവാന്‍ കഴിവുള്ളവരായിരുന്നു എന്ന് കരുതുന്നുണ്ടോ? ഖുര്‍ ആന്‍ വചനങ്ങള്‍ മറ്റൊരാള്‍ക്ക്‌ വിശദീകരിക്കുവാന്‍ കഴിവില്ലാത്ത ഒരുപാട് മുസ്ലിം സമുദായക്കാരെ എനിക്കറിയാം. താങ്കള്‍ ആത്മാര്‍ഥമായി ഈ സംശയത്തിനു ഉത്തരം തേടുന്നുവെങ്കില്‍ പരിശുദ്ധാത്മാവിനെക്കുറിച്ച് പുസ്തകങ്ങള്‍ ലഭ്യമാണ്, അവ വായിച്ചുനോക്കിയാല്‍ മതി. ( കത്തോലിക്കാ പുരോഹിതരുടെ അടുത്ത് പോയി അന്വേഷിച്ചാലും താങ്കള്‍ക്കു അവരില്‍നിന്നും മറുപടി ലഭിക്കുമോ എന്ന കാര്യം സംശയമാണ്, കാരണം താങ്കള്‍ ഒരു ക്രിസ്ത്യാനി അല്ല ).

യോഹന്നാൻ സുവിശേഷം - 16 :7, 16 :8, 16 :12, 16 :13, 16 :14 ഈ വചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്ന സുചനകള്‍:
1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും. 2. ശേഷം വരുന്നവന്‍ അതിനാല്‍ എന്റെ പിന്‍ഗാമി ആയിരിക്കും. 3. അദ്ദേഹം സ്വന്തം നിലക്കായിരിക്കില്ല സംസാരിക്കുക പ്രത്യുത ദൈവം തന്നോട് കല്‍പിക്കുന്നതായിരിക്കും.  4. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക. 5. ദൈവത്തെപ്പറിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. 6. ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും. 7. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ആ ദൈവദൂതന്‍ അവതരിക്കുക. 8.വരാനുള്ള കാര്യങ്ങള്‍ ആ സത്യാത്മാവ് വെളിപ്പെടുത്തും. - യോഹന്നാന്റെ സുവിശേഷത്തില്‍ 21 അദ്ധ്യായങ്ങള്‍ ഉണ്ട്. ഇവയില്‍ മുകളില്‍ സൂചിപ്പിച്ചിട്ടുള്ള 5 വാക്യങ്ങള്‍ മാത്രമേ താങ്കള്‍ വായിച്ചിട്ടുള്ളുവോ? താങ്കള്‍ മുഴുവനും വായിച്ചിട്ടുണ്ടെങ്കിലും വിഷയവുമായി ബന്ധപ്പെട്ട വാക്യങ്ങള്‍ മാത്രം സൂചിപ്പിച്ചു എന്നാണോ? എതൊരു ഗ്രന്ഥത്തെയും ആത്മീയ തലത്തിലല്ലാതെ വിശകലനം ചെയ്യുമ്പോള്‍ പാലിക്കേണ്ട സാമാന്യമായ കാര്യങ്ങള്‍ -  ഗ്രന്ഥത്തിന്റെ സ്വീകര്‍ത്താക്കള്‍, ഗ്രന്ഥകര്‍ത്താവിന്റെ ഉദ്ദേശം,  പ്രധാന ഉള്ളടക്കം, രചനാരീതികള്‍ - എന്നിവയെക്കുറിച്ചുള്ള പഠനം, താങ്കള്‍ ഈ വിശകലനത്തില്‍ പാലിച്ചിട്ടുണ്ടോ? 

ഇന്നുകാണുന്ന ക്രൈസ്തവ സങ്കല്‍പങ്ങള്‍ പ്രചരണം നടത്തുന്നവര്‍ ഈ പരിശുദ്ധാത്മാവ് നിറഞ്ഞതാണെന്നും അതിനാലാണ് അവര്‍ക്ക് ആ കഴിവ് ലഭിക്കുന്നതെന്നും അവകാശപ്പെടാം- ക്രൈസ്തവ സങ്കല്പങ്ങള്‍ എന്നതുകൊണ്ട്‌ താങ്കള്‍ മനസിലാക്കിയത്  എന്താണെന്നു വ്യക്തമാക്കാതെ  ഇങ്ങനെ എഴുതിയതുകൊണ്ട് വായനക്കാര്‍ എന്താണ് മനസിലാക്കുക? 

നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞ് മാറ്റിവെച്ച സുപ്രധാനമായ ദൗത്യം ഏറ്റെടുക്കാന്‍ അവര്‍ 50 ദിവസത്തിന് ശേഷം പ്രാപ്തമായോ -  ഈ 50 ദിവസങ്ങള്‍ക്കുള്ളിലാണ്  പല സുപ്രദാനമായ സംഭവങ്ങള്‍ "അവരുടെ" ജീവിതത്തില്‍ നടന്നത്. താങ്കളും അതിനെപറ്റി വായിച്ചിട്ടുണ്ടാവില്ലേ? പിന്നെ എന്തുകൊണ്ട് ഇങ്ങനെ ഒരു സംശയം താങ്കള്‍ക്കുണ്ടായി....? 



ഞാനിവിടെ ഒരു വിധിതീര്‍പ്പിലെത്തുന്നില്ല. എന്റെ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചുവെന്ന് മാത്രം. ഈ പോസ്റ്റ് ഇട്ടതെന്തിന് എന്ന് ചിന്തിച്ച് തലപുണ്ണാക്കുന്നതിന് പകരം, വിശ്വാസികളോ അല്ലാത്തവരോ തങ്ങളുടെ അഭിപ്രായം ഇവിടെ കുറിച്ചിടുക. അതോടൊപ്പം ഈ വിഷയം ഇവിടെ അവസാനിക്കുന്നുമില്ല. യേശുവിന്റെ പ്രവചനം മുഹമ്മദ് നബില്‍ അത്ഭുതകരമായി യോജിച്ചു വരുന്നതായി കാണുന്നു അതുകൂടി പറഞ്ഞ ശേഷം ഈ ചര്‍ച  അവസാനിക്കും. - വാക്യങ്ങള്‍ തന്നെ താങ്കളുടെ മനസിലെ ലക്‌ഷ്യം എന്തെന്ന് താങ്കളുടെ വാക്കുകളിലൂടെ പുറത്തുവന്നതാണ്. താങ്കള്‍ ഒരു സംവാദമോ താരതമ്യ പഠനമോ അല്ല ഇവിടെ ഉദ്യെശ്ശിക്കുന്നത്, അങ്ങനെയായിരുന്നുവെങ്കില്‍ താങ്കള്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുന്ന വേദിയും രീതിയും ഇതാകുമായിരുന്നില്ല.  

 ഒരിക്കല്‍കൂടി താങ്കളെ ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഒരിക്കലും മറ്റൊരുവന്റെ, മറ്റൊരു മതക്കാരന്റെ വിശ്വസങ്ങളയോ, മത ഗ്രന്ഥങ്ങളയോ, സ്വന്തം മതത്തിന്റെ വിശ്വാസങ്ങളുമായോ ഗ്രന്ഥങ്ങളുമായോ താരതമ്യംചെയ്തു സ്വന്തം മതമാണ്‌ ശ്രേഷ്ഠം എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കരുത്. അതിനു മതമൌലികവാദം / മതമൌലികവാദി  എന്നാണ് പറയുക അല്ലാതെ വിശ്വാസം / വിശ്വാസി എന്നല്ല.

( അങ്ങനെ എന്റെ ആദ്യ സൃഷ്ടി  പൂര്‍ത്തിയായി...  ഹോ എന്നെ സമ്മതിക്കണം...)